സിപിഎമ്മുമായി ഒത്തുതീർപ്പിന് ഇല്ല, ഉടൻ രഹസ്യമൊഴി നൽകും: കലാ രാജു
Wednesday, January 22, 2025 10:03 AM IST
കൂത്താട്ടുകുളം: സിപിഎമ്മുമായി ഒത്തുതീർപ്പിന് ഇല്ലെന്ന് കൂത്താട്ടുകുളത്ത് തട്ടിക്കൊണ്ടുപോകലിന് ഇരയായ വനിത കൗണ്‍സിലര്‍ കലാ രാജു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് കോടതിയിലേക്ക് പോകാത്തതെന്ന് കലാ രാജു പ്രതികരിച്ചു.
മജിസ്ട്രേറ്റിന് ഉടൻ രഹസ്യമൊഴി നൽകും.വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് സിപിഎം ഭീഷണിപ്പെടുത്തേണ്ട. കൂടുതൽ ദൃശ്യങ്ങൾ ഉണ്ടെങ്കിൽ സിപിഎം പുറത്തുവിടട്ടെയെന്നും അവർ പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങൾ മൂലം എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ് കലാ രാജു. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച രഹസ്യമൊഴി നൽകാൻ കലാരാജു കോടതിയിൽ ഹാജരായിരുന്നില്ല.
ശനിയാഴ്ചയാണ് എൽഡിഎഫ് ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫിന്റെ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാനെത്തിയ കലാ രാജുവിനെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായി ആരോപണമുയർന്നത്. സ്വന്തം പാർട്ടിക്കാർ തന്നെ ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് കലാ രാജുവിന്റെ പരാതി.