ഇന്ത്യ x ഇംഗ്ലണ്ട് ട്വന്റി-20 പരമ്പര ഇന്നു മുതൽ; സഞ്ജു ഓപ്പൺ ചെയ്യും
Wednesday, January 22, 2025 9:31 AM IST
കോൽക്കത്ത: ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സര ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്നു കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ. രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. ജോസ് ബട്ലർ നയിക്കുന്ന ഇംഗ്ലണ്ടിനെതിരേ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
ഗൗതം ഗംഭീർ ഇന്ത്യയുടെ മുഖ്യ പരിശീലകനായശേഷം ട്വന്റി-20യിൽ മാത്രമാണു ടീം ഇതുവരെ ഒരു പരന്പര പോലും തോൽക്കാതിരുന്നത് എന്നതും വാസ്തവം.
ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിലേക്കു ക്ഷണം ലഭിക്കാത്ത മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് പരമ്പരയിൽ ഓപ്പണറായി എത്തും.
2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിനുശേഷം ദേശീയ ടീമിലേക്ക് ഇതാദ്യമായി തിരിച്ചെത്തുന്ന പേസർ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. സ്വന്തം നാട്ടിലാണ് ഇന്ത്യൻ ടീമിലേക്കുള്ള ഷമിയുടെ മടങ്ങിവരവ് മത്സരം എന്നതും താരത്തിന്റെ ആവേശം ഇരട്ടിപ്പിക്കും. 2023 ഏകദിന ലോകകപ്പിൽ നാലു മത്സരങ്ങളിൽ പുറത്തിരുന്നെങ്കിലും 24 വിക്കറ്റ് വീഴ്ത്തി, വിക്കറ്റ് വേട്ടയിൽ ഒന്നാമനായിരുന്നു ഷമി.
ഐസിസി ചാന്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലും ഇടം നേടിയ ഷമിയുടെ ഫിറ്റ്നസും പ്രകടനവും ഇംഗ്ലണ്ടിനെതിരായ ട്വന്റി-20യിൽ വിലയിരുത്തപ്പെടും. സൂപ്പർ പേസർ ജസ്പ്രീത് ബുംറ പരിക്കേറ്റു വിശ്രമത്തിലായിരിക്കുന്ന പശ്ചാത്തലത്തിൽ ഷമിയുടെ ഫിറ്റ്നസും ഫോമും ഇന്ത്യക്കു നിർണായകമാണ്.