പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം: ബാങ്ക് കവർച്ചാ കേസ് പ്രതിയെ വെടിവെച്ച് വീഴ്ത്തി
Tuesday, January 21, 2025 11:02 PM IST
ബംഗളൂരു: തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ബാങ്ക് കവർച്ചാ കേസിലെ പ്രതിയെ പോലീസ് വെടിവച്ചു വീഴ്ത്തി. മംഗളൂരു ഉള്ളാൾ കൊട്ടേക്കർ സഹകരണ ബാങ്ക് കവർച്ചാ കേസിലെ പ്രതിക്കാണ് വെടിയേറ്റത്.
മുംബൈ സ്വദേശി കണ്ണൻ മണിയെയാണ് പോലീസ് വെടിവെച്ചു വീഴ്ത്തിയത്. തെളിവെടുപ്പിനിടെ ബീയർ ബോട്ടിൽ പൊട്ടിച്ച് പോലീസിനെ ആക്രമിച്ചാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. കാലിനു പരിക്കേറ്റ പ്രതിയെയും പരിക്കേറ്റ മൂന്ന് പോലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുംബൈ, തമിഴ്നാട് എന്നിവിടങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാവാണ് വെടിയേറ്റ കണ്ണൻ മണി. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് ഇയാളെയും കൂട്ടാളികളെയും പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ള രണ്ടു പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.