വിള നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവയ്ക്കാം; സർക്കാർ തീരുമാനം അറിയിക്കണം: ഹൈക്കോടതി
Tuesday, January 21, 2025 7:39 PM IST
കൊച്ചി: കാട്ടുപന്നി ശല്യം നേരിടാൻ നടപടി വേണമെന്നും ഇക്കാര്യത്തിലുള്ള സർക്കാർ തീരുമാനം അറിയിക്കണമെന്നും ഹൈക്കോടതി. ജനവാസ മേഖലയില്‍ കയറി വിളകളും മറ്റും നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുമതി നൽകാം.
ഇങ്ങനെയുള്ള സാഹചര്യങ്ങൾ വെടിവയ്ക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേധാവിക്ക് അധികാരം നൽകിയിട്ടുണ്ടെങ്കിലും യോഗ്യത എന്താണെന്ന് നിശ്ചയിച്ചിട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. തോക്കുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
നിയമം അനുശാസിക്കുന്ന രീതിയിൽ വേണം കാട്ടുപന്നിയെ കൊല്ലാനെന്നും കോടതി നിർദേശിച്ചു. ഇതിനായി വൈൽഡ് ലൈഫ് വാർഡൻ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്ന് പറ്റിയവരെ കണ്ടെത്തണമെന്നും കോടതി പറഞ്ഞു.
കാട്ടുപന്നികളുടെ ആക്രമണം മൂലം വനമേഖലയോട് സമീപത്തുതാമസിക്കുന്നവര്‍ ഏറെ ദുരിതമനുഭവിക്കുന്നുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റീസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, പി.ഗോപിനാഥ് അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.