ഫോണ്‍ തിരിച്ചു നൽകിയില്ലെങ്കിൽ തീർത്തുകളയും; അധ്യാപകനെ വിദ്യാര്‍ഥി ഭീഷണിപ്പെടുത്തി
Tuesday, January 21, 2025 5:59 PM IST
പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചുവച്ചതിന് അധ്യാപകനു നേരെ കൊലവിളിയുമായി വിദ്യാര്‍ഥി. പാലക്കാട് ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രിൻസിപ്പലിനെയാണ് പ്ലസ്വൺ വിദ്യാര്‍ഥി ഭീഷണിപ്പെടുത്തിയത്.
സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച് സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നു.
തുടർന്ന് ഓഫീസിലെത്തിയ വിദ്യാർഥി ഫോൺ തിരികെ ആവശ്യപ്പെട്ടു. ഫോൺ തിരിച്ചു തരില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞതോടെ സ്കൂളിന് പുറത്തേക്കിറങ്ങിയാല്‍ നിങ്ങളെ കൊല്ലുമെന്ന് വിദ്യാർഥി ഭീഷണിപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ സ്കൂൾ അധികൃതർ തൃത്താല പോലീസിൽ പരാതി നൽകി. വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.