മദ്യനിർമാണശാലയ്ക്ക് വെള്ളം കണ്ടെത്തുക മഴവെള്ള സംഭരണിയിൽ നിന്ന്: എം.വി.ഗോവിന്ദൻ
Tuesday, January 21, 2025 11:32 AM IST
പാലക്കാട്: ബ്രൂവറി വിവാദങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സ്പിരിറ്റ് ലോബികളുടെ പിന്തുണയോടെയാണ് ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നതെന്നും ഗോവിന്ദൻ വിമർശിച്ചു.
സർക്കാർ നിലപാടാണ് താൻ പറഞ്ഞത്. എലപ്പുള്ളിയിലെ മദ്യനിർമാണശാലയ്ക്ക് വെള്ളം മഴവെള്ള സംഭരണിയിൽ നിന്നായിരിക്കുമെന്ന് ഗോവിന്ദൻ പറഞ്ഞു.
അഞ്ച് ഏക്കറിൽ മഴവെള്ള സംഭരണി നിർമിക്കുന്നുണ്ട്. അതിൽ നിന്നും ആവശ്യത്തിന് വെള്ളം ലഭിക്കും. അതിനാൽ കുടിവെള്ള പ്രശ്നം ഉണ്ടാകില്ല.
ഓരോ സീസണിലും പെയ്യുന്ന മഴയിൽ നിന്ന് വെള്ളം ശേഖരിച്ച് അത് നിറയുമ്പോൾ മാത്രം പുറത്തുവിടും.അതിൽ നിന്ന് മദ്യ ഉൽപ്പാദനത്തിന് യഥേഷ്ടം വെള്ളം ലഭിക്കുമെന്നും ജലചൂഷണം ഉണ്ടാകുമെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സർക്കാർ മദ്യനയം വ്യക്തമാക്കിയതാണ്. ഇന്ത്യൻ നിർമിത വിദേശമദ്യം കേരളത്തിൽ ഉൽപാദിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. സർക്കാർ അംഗീകൃത എട്ട് ഡിസ്റ്റലറികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഇതൊക്കെ എൽഡിഎഫ്,യുഡിഎഫ് ഭരണകാലങ്ങളിൽ ആരംഭിച്ചതാണ്.ഒയാസിസ് സ്ഥലവും പ്രൊജക്ടും സർക്കാറിന് സമർപ്പിച്ചു. അതിനാൽ അവർക്ക് അനുമതി നൽകി.
സംസ്ഥാനം സ്പിരിറ്റ് കൊണ്ടുവരാന്‍ വേണ്ടി മാത്രം 100 കോടി രൂപയാണ് ഉപയോഗിക്കുന്നത്. അത് ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.