പത്തനാപുരത്ത് സ്വകാര്യബസും കാറും കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്
Tuesday, January 21, 2025 11:27 AM IST
കൊല്ലം: പത്തനാപുരം വാഴത്തോപ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. പുനലൂർ - പത്തനാപുരം റോഡിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
കാറിലുണ്ടായിരുന്ന ദമ്പതികളായ മലപ്പുറം സ്വദേശി സനീഷ്, അജിത എന്നിവര്‍ക്കും ബസ് ഡ്രൈവര്‍ ലാലുവിനുമാണ് പരിക്കേറ്റത്. നിയന്ത്രണംവിട്ട കാർ ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാറിടിച്ചതോടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിൽ ഇടിച്ച് തകർത്താണ് നിന്നത്.
ഗുരുതരമായി പരിക്കേറ്റ സനീഷിനെയും ലാലുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. അജിതയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരിൽ ചിലർക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.