ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവം;"ഒറ്റയാന്റെ'ഫിറ്റ്നസ് റദ്ദാക്കി
Monday, January 20, 2025 7:33 PM IST
പത്തനംതിട്ട: കോളജ് വിദ്യാർഥികളുമായി പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 44 പേർക്ക് പരിക്കേറ്റ സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതിനൊപ്പം ബസിന്റെ ഫിറ്റ്നസും റദ്ദാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 6.30 നായിരുന്നു അപകടം. കൊല്ലം പള്ളിമുക്കിലെ ബിഎഡ് കോളജിലെ വിദ്യാർഥികളും അധ്യാപകരുമായി പോയ ബസാണ് പത്തനംതിട്ട കടമ്പനാട് കല്ലുകുഴിയിൽ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഒറ്റയാൻ എന്ന പേരുള്ള ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി.
ബസിന്റെ ഡ്രൈവർ അരുൺ സജിയുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തെന്നും അധികൃതർ അറിയിച്ചു. അമിതവേഗം അപകടത്തിനിടയാക്കിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. സ്പീഡ് ഗവർണറിൽ വേഗം 95 കിലോമീറ്റര്‍ എന്നാണ് കാണിക്കുന്നത്.
അനുവദിച്ചിട്ടുള്ള വേഗപരിധിക്കും മുകളിലായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും ഇതോടെ വ്യക്തമായെന്നും അധികൃതര്‍ അറിയിച്ചു.