രാജ്യത്തെ കൂടുതൽ കോവിഡ് മരണം കേരളത്തിൽ
Monday, January 20, 2025 11:31 AM IST
ന്യൂഡൽഹി: രാജ്യത്ത് കൂടുതല്‍ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണെന്ന് കേന്ദ്രസര്‍ക്കാർ. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കോവിഡ് ബാധിച്ച് 66 പേർ മരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കുകളാണ് കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്. പ്രതിമാസം കേരളത്തിൽ ആറ് പേർ കോവിഡ് ബാധിച്ച് മരിക്കുന്നതായാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വര്‍ഷം 5,597 പേര്‍ക്ക് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെങ്കിലും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണെന്ന് കണക്കുകള്‍ പറയുന്നു.
2024ല്‍ 7252 കോവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ കഴിഞ്ഞ വര്‍ഷം 39 കോവിഡ് മരണങ്ങളും മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം 35 കോവിഡ് മരണങ്ങളും സംഭവിച്ചതായാണ് കണക്ക്. മഹാരാഷ്ട്രയില്‍ ഇക്കാലയളവില്‍ 5658 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.