ജമ്മു കാഷ്മീരിൽ അജ്ഞാത രോഗം പടരുന്നു; വിദഗ്ധസംഘത്തെ നിയോഗിച്ചു
Sunday, January 19, 2025 9:19 PM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിൽ അജ്ഞാത രോഗം പടരുന്നതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധസംഘത്തെ നിയോഗിച്ചു സർക്കാർ. രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ ഇതുവരെ 16 പേർ മരിച്ച സംഭവത്തിലാണ് സർക്കാർ നടപടി.
നാല്പത്തിയഞ്ച് ദിവസത്തിനിടെയാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിര്‍ദേശം നല്കി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വ്യാഴാഴ്ച യോഗം വിളിച്ചിരുന്നു.
മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. 2024 ഡിസംബര്‍ ഏഴിനാണ് അജ്ഞാതരോഗം ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്.
പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരില്‍ കണ്ട പ്രധാനലക്ഷണങ്ങള്‍. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെന്നൈയിലെ എപിഡെമിയോളജി സെന്ററിലും സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. ഇവയിലൊന്നും മരണകാരണം കണ്ടെത്താനായിരുന്നില്ല.