സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്; പ്രതിയെ കസ്റ്റഡിയിൽ വിട്ടു
Sunday, January 19, 2025 7:50 PM IST
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഷെരീഫുൾ ഇസ്ലാം ഷെഹ്സാദിനെ അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തെ കസ്റ്റഡിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്.
ബംഗ്ലാദേശ് സ്വദേശിയായ പ്രതി ഇന്നു രാവിലെയാണ് പിടിയിലായത്. ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് അഞ്ച് മാസം മുമ്പാണ് മുംബയിലെത്തിയത്. അനധികൃതമായിട്ടാണ് ഇയാൾ ഇന്ത്യയിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
കവർച്ച നടത്താനാണ് പ്രതി നടന്റെ വീട്ടിൽ കയറിയത്. സെലിബ്രിറ്റികൾ താമസിക്കുന്ന മേഖലയായതിനാൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതിക്കറിയാമായിരുന്നു.
മുംബൈയിൽ ഹൗസ് കീപ്പിംഗ് ഏജൻസിയിൽ ജോലി ചെയ്തുവരികയായിരുന്നു പ്രതി. കവർച്ചക്കായി പ്രതിയെ മറ്റാരെങ്കിലും സഹായിച്ചോയെന്നതും അന്വേഷിക്കുകയാണെന്ന് പോലീസ് കോടതിയെ അറിയിച്ചു.