കുംഭമേള നടക്കുന്നതിനിടെ തീപിടിത്തം; ടെന്റുകൾ കത്തിനശിച്ചു
Sunday, January 19, 2025 5:29 PM IST
പ്രയാഗ് രാജ്: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ കുംഭമേള നടക്കുന്നതിനിടെ തീപിടിത്തം. ത്രിവേണി സംഗമത്തിനു സമീപം സെക്ടർ 19ലാണ് തീപിടിത്തമുണ്ടായത്. നിരവധി ടെന്റുകൾ തീപിടിത്തത്തിൽ കത്തിനശിച്ചു.
ഭക്ഷണം പാകം ചെയ്തിരുന്ന സിലിണ്ടറിൽനിന്നും തീപടർന്നതായാണ് പ്രാഥമിക വിവരം. ഒരു ഘട്ടത്തിൽ സെക്ടർ 20ലേക്ക് വരെ തീപടർന്നിരുന്നു. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടിത്തത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
തീ നിയന്ത്രണവിധേയമാക്കിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അറിയിച്ചു.