സെയ്ഫിനെ ആക്രമിച്ചത് ബംഗ്ലാദേശി മുഹമ്മദ് ഷെരീഫുൾ; തിരിച്ചറിയൽ രേഖകൾ വ്യാജമെന്ന് പോലീസ്
Sunday, January 19, 2025 10:41 AM IST
ന്യൂഡൽഹി: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയം. പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് (30) എന്നാണെന്നും ഇയാൾ ബംഗ്ലാദേശ് പൗരനാണെന്നാണ് പ്രാഥമിക നിഗമനമെന്നും മുംബൈ പോലീസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പ്രതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണ്. ഇയാൾ ഇന്ത്യയിൽ കഴിഞ്ഞത് വിജയ് ദാസ് എന്ന പേരിലാണ്. ഹൗസ് കീപ്പിംഗ് ഏജൻസിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. അഞ്ചാറു മാസം മുൻപുതന്നെ ഇയാൾ മുംബൈയിൽ വന്നു പോയിരുന്നു.
സെയ്ഫിന്റെ വീട്ടിലെ അതിക്രമത്തിന് ഏതാനും ദിവസം മുൻപാണു വീണ്ടുമെത്തിയത്. കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ വീട്ടില്‍ കയറിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.