എന്‍.എം. വിജയന്റെ മരണം: ചോദ്യംചെയ്യലിന് ഹാജരാകാൻ കോൺഗ്രസ് നേതാക്കൾ
Sunday, January 19, 2025 9:22 AM IST
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ ബത്തേരി മണിച്ചിറ എന്‍.എം. വിജയന്, മകന് ജിജേഷ് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ച കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും.
ഏതു ദിവസം ഹാജരാകുമെന്ന് ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ ഇന്ന് ക്രൈംബ്രാഞ്ചിനെ അറിയിക്കും. വയനാടിനു പുറത്തുള്ള ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ ജില്ലയിൽ തിരിച്ചെത്തും.
ശനിയാഴ്ചയാണ് ഐ.സി. ബാലകൃഷ്ണന്, എന്‍.ഡി. അപ്പച്ചന്, ഡിസിസി മുന്‍ ട്രഷറര്‍ കെ.കെ. ഗോപിനാഥന് എന്നിവര്‍ക്ക് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്താല്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിടണമെന്നു കോടതി നിര്‍ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുമ്പോള്‍ പ്രതികള്‍ ഹാജരാകണം.
പ്രതികള്‍ വെവ്വേറെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ വാദം 16ന് പൂര്‍ത്തിയായിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന വാദമാണ് പ്രതികളുടെ അഭിഭാഷകര്‍ ഉന്നയിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷകളെ പ്രോസിക്യൂഷന് ശക്തമായാണ് എതിര്‍ത്തത്. നിരന്തരം ഏല്പിച്ച മാനസികാഘാതമാണ് വിജയനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു പോസിക്യൂഷന് വാദിച്ചു.
ആത്മഹത്യാ പ്രേരണയ്ക്ക് ഡിജിറ്റില്‍ തെളിവുകളുണ്ടെന്ന് കോടതിയെ ബോധിപ്പിച്ചിരുന്നു. ആയിരത്തിനടുത്ത് പേജ് വരുന്നതാണ് കേസില്‍ കോടതിയില്‍ പോലീസ് ഹാജരാക്കിയ ഡയറി. ഇന്നലെ രാവിലെ കേസ് പരിഗണിച്ച കോടതി വിധി പറയുന്നത് വൈകുന്നേരത്തേക്ക് മാറ്റിയിരുന്നു.
പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശ്വാസമായി.
കേസുകളുടെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കെയാണ് കോടതി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.