ഇനി ട്രംപിന്റെ ദിനങ്ങൾ; പ്രസിഡന്റായി തിങ്കളാഴ്ച ചുമതലയേൽക്കും
Sunday, January 19, 2025 4:25 AM IST
ന്യൂയോർക്ക്: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് തിങ്കളാഴ്ച ചുമതലയേൽക്കും. അതിശൈത്യത്തെത്തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി. നേരത്തെ തുറന്ന വേദിയിൽ സ്ഥാനാരോഹണ ചടങ്ങുകൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
തിങ്കളാഴ്ച്ച വാഷിംഗ്ടണിൽ മൈനസ് 12 ഡിഗ്രി സെൽഷ്യസ് തണുപ്പാണ് പ്രവചിക്കുന്നത്. 40 വര്‍ഷത്തിനുശേഷമാണ് യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തുറന്നവേദിയില്നിന്നു മാറ്റുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനെ തോൽപ്പിച്ചാണ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായത്.
ചടങ്ങിലേക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അടക്കമുള്ള പ്രമുഖർ എത്തിയേക്കും. ഇന്ത്യയിൽ നിന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചടങ്ങിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് വെള്ളിയാഴ്ച ആരംഭിച്ച വിവിധ ആഘോഷപരിപാടികൾ നാളെവരെ തുടരും.
പള്ളികളിൽ പ്രാർഥനകൾ, വെടിക്കെട്ടുകൾ, റാലികൾ, ഘോഷയാത്രകൾ, വിരുന്നുകൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ഇന്ന് പ്രാദേശികസമയം ഉച്ചകഴിഞ്ഞ് മൂന്നിന് കാപിറ്റോൾ അരീനയിൽ വിക്ടറി പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്.