ബ്രൂവറി അനുമതി; ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാൻ മന്ത്രി മുന്നിട്ട് ഇറങ്ങുന്നെന്ന് സതീശൻ
Saturday, January 18, 2025 10:59 AM IST
കൊച്ചി: പാലക്കാട് ബ്രൂവറിക്ക് അനുമതി നൽകിയ സംഭവത്തിൽ എക്സൈസ് മന്ത്രി എം.ബി.രാജേഷിനെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വന്തം ജില്ലയിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാൻ മന്ത്രി മുന്നിട്ട് ഇറങ്ങുന്നുവെന്ന് സതീശൻ വിമർശിച്ചു.
ബ്രൂവറിക്ക് അനുമതി നൽകിയ കമ്പനിയുടെ ഉടമ ഡൽഹി മദ്യനയ അഴിമതി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആളാണ്. പഞ്ചാബിൽ ഈ കമ്പനിയുടെ പ്ലാന്റ് നടത്തിയത് വലിയ മലിനീകരണമാണ്. കമ്പനി വേസ്റ്റ് ഭൂഗർഭ കിണറ്റിലൂടെ പുറന്തള്ളി. ഈ കമ്പനിയെ മന്ത്രി പുകഴ്ത്തുന്നത് എന്ത് കിട്ടിയിട്ടാണെന്ന് പറയണം.
കോളജ് തുടങ്ങാൻ വേണ്ടിയാണു കമ്പനി രണ്ടു വർഷം മുൻപ് സ്ഥലം വാങ്ങിയത്. പാലക്കാട് ഭൂഗർഭ ജലക്ഷാമമുണ്ട്. രഹസ്യമായി എന്തുകൊണ്ട് ഈ കമ്പനിയുമായി ചർച്ച നടത്തി. ഇക്കാര്യം മറ്റു കമ്പനികളെ എന്തുകൊണ്ട് അറിയിച്ചില്ലെന്നും സതീശൻ ചോദിച്ചു. ഇതിനെതിരേ കോൺഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സതീശൻ പറഞ്ഞു.