കാസർഗോട് കേന്ദ്ര സർവകലാശാല പ്രോ വൈസ് ചാൻസലറുടെ നിയമനത്തിനെതിരായ ഹർജി സുപ്രീംകോടതി തള്ളി
Friday, January 17, 2025 6:44 PM IST
ന്യൂഡൽഹി: കാസർഗോട് കേന്ദ്ര സർവകലാശാല പ്രോ വൈസ് ചാൻസലറായി ഡോ. കെ ജയപ്രസാദിനെ നിയമിച്ചതിനെതിരായ ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
പ്രോ വിസിയായി നിയമിച്ച ഡോ. കെ. ജയപ്രസാദിന് യുജിസി മാനദണ്ഡപ്രകാരം യോഗ്യതയില്ലെന്നാണ് വാദം. അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുത്ത കൊല്ലം സ്വദേശി ഡോ. എസ്.ആർ.ജിതയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
നേരത്തെ ഈ ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഹർജിക്കാരി സുപ്രീം കോടതിയിലെത്തിയത്.നിലവിൽ ഹൈക്കോടതി നടപടിയിൽ ഇടപെടാനില്ലെന്നും നിയമനം നടപടികൾ എല്ലാം നേരത്തെ പൂർത്തിയായതിനാൽ ഹർജിയിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ ഹർജിക്കാരിക്കായി മുതിർന്ന അഭിഭാഷകൻ ശൈലേഷ് മടിയാൽ, അഭിഭാഷകൻ ലക്ഷമീശ് എസ് കമത്ത് എന്നിവർ ഹാജരായി.