ഐ.സി.ബാലകൃഷ്ണന് നിയമസഭയില്‍; ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച
Friday, January 17, 2025 11:37 AM IST
തിരുവനന്തപുരം: വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട ഐ.സി.ബാലകൃഷ്ണന് എംഎൽഎ നിയമസഭയിൽ. കേസിൽ പ്രതി ചേർത്തതിന് ശേഷം ആദ്യമായാണ് എംഎൽഎ പൊതുവേദിയിലെത്തുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കൽപ്പറ്റ സെഷൻസ് കോടതി വെള്ളിയാഴ്ച വിധി പറയാനിക്കെയാണ് എംഎൽഎ സഭയിലെത്തിയത്. കേസിൽ വിധി വരുന്നതിന് മുന്‍പ് എംഎൽഎ അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകിയിരുന്നു.
എൻ.എം.വിജയന്റെയും മകന്റെയും ആത്മഹത്യയിൽ ബാലകൃഷ്ണനെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയത്. ഇതിന് പിന്നാലെ എംഎൽഎ ഒളിവിലാണെന്ന് വാർത്തകളും വന്നിരുന്നു. എന്നാല്‍ ഒളിവില്‍ പോയതല്ലെന്നും സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ ആയിരുന്നുവെന്നും വിശദീകരിച്ച് എംഎൽഎ രംഗത്തെത്തിയിരുന്നു.
ഐ.സി.ബാലകൃഷ്ണന് പുറമേ ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ.ഗോപിനാഥൻ എന്നിവരും കേസിലെ പ്രതികളാണ്.