നവവധു ജീവനൊടുക്കിയ സംഭവം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു
Friday, January 17, 2025 4:09 AM IST
മലപ്പുറം: ഭർത്താവിന്റെയും കുടുംബക്കാരുടെയും അധിക്ഷേപത്തെ തുടർന്ന് നവവധു ജീവനൊടുക്കിയ സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) മരിച്ച സംഭവത്തിലാണ് കമ്മീഷന്റെ നടപടി.
മലപ്പുറം ജില്ലയിൽ നടന്ന യുവജന കമ്മീഷൻ അദാലത്തിലാണ് ചെയർമാൻ എം.ഷാജർ ഇക്കാര്യം അറിയിച്ചത്. സ്ത്രീത്വത്തിനെതിരായ എല്ലാ അതിക്രമങ്ങളിലും കമ്മീഷൻ കർശന നടപടി സ്വീകരിക്കുമെന്നും ഈ വിഷയത്തിൽ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം. മുംതാസിന് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തല്‍.
ഇതിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചു. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞും അവഹേളിച്ചു. ഭര്‍ത്താവ് മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെയാണ് പെൺകുട്ടിയുടെ കുടുംബം രംഗത്ത് എത്തിയത്. കഴിഞ്ഞ മേയ് 27 ന് ആയിരുന്നു ഇരുവരുടേയും വിവാഹം.