ആര്‍സിബുക്ക് മാര്‍ച്ച് 31നകം ഡിജിറ്റലാക്കുമെന്ന് ഗതാഗതമന്ത്രി
Thursday, January 16, 2025 5:11 PM IST
തിരുവനന്തപുരം: മോട്ടാര്‍ വാഹന വകുപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31നകം ആര്‍സിബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ബാങ്ക് ഹൈപ്പോത്തിക്കേഷന്‍ ലിങ്ക് ചെയ്യുന്നതോടെ ആര്‍സി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മോട്ടോര്‍ വാഹന വകുപ്പ് വാങ്ങിയ 20 വാഹനങ്ങള്‍ കനകക്കുന്നില്‍ ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സുമായി പോകാവുന്ന സംവിധാനം ഒരുക്കും. ഇതിനായി മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ടാബ് നല്‍കും. ടെസ്റ്റ് പാസാകുന്നതോടെ ഇന്‍സ്പെക്ടര്‍മാര്‍ ടാബില്‍ ഇന്‍പുട്ട് നല്‍കുന്നതിനനുസരിച്ചാണ് ഉടനടി ലൈസന്‍സ് ലഭ്യമാകുക
റോഡ് സുരക്ഷാ നിയമ പാലനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും 20 വാഹനങ്ങള്‍ വാങ്ങിയത്. വാങ്ങിയ വാഹനങ്ങളില്‍ ബ്രത്ത് അനലൈസര്‍, മുന്നിലും പിന്നിലും കാമറ, റഡാര്‍, ഡിസ്പ്ലേ യൂണിറ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ക്കും.
ഡിസ്പ്ലേയില്‍ ആറു ഭാഷകളില്‍ നിയമലംഘനവും പിഴയും പ്രദര്‍ശിപ്പിക്കും. പരിശോധനക്കായി എംവിഡി ഉദ്യോഗസ്ഥര്‍ക്ക് വാഹനത്തില്‍നിന്ന് ഇറങ്ങേണ്ടതില്ല. വാഹനമോടിക്കുന്നവരുടെ യാത്ര തടസപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.