വാഴ്ത്തുപാട്ടിന്റെ നടുവിലൂടെ പടനായകനായി പിണറായിയെത്തി
Thursday, January 16, 2025 1:22 PM IST
തിരുവനന്തപുരം: സിപിഎം വ്യക്തിപൂജയെ എതിർക്കുന്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി വാഴ്ത്തുപാട്ട്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയെ വാഴ്ത്തി ഗാനം ആലപിച്ചത്.
വാഴ്ത്തുപാട്ടിന്റെ അകന്പടിയോടെയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്. പിന്നീട് വേദിയിലിരുന്ന് മുഖ്യമന്ത്രി ഗാനം കേൾക്കുകയും ചെയ്തു. നേരത്തെ വാഴ്ത്തുപാട്ട് വിവാദമായതോടെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഗാനം ആലപിക്കുന്നത് ഒഴിവാക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു.
സമരധീര സാരഥി പിണറായി വിജയൻ, പടയുടെ നടുവിൽ പടനായകൻ’ എന്ന വരികളോടെയാണു പാട്ടു തുടങ്ങുന്നത്. ‘ഫീനിക്സ് പക്ഷിയായി മാറുവാൻ ശക്തമായ ത്യാഗപൂർണ ജീവിതം വരിച്ചയാളാ’ണ്പിണറായിയെന്നു പാട്ടിൽ പറയുന്നു.
പാടവും പറമ്പും കേരമൊക്കെയും പടക്കളം
ജന്മിവാഴ്ചയെ തകർത്തു തൊഴിലിടങ്ങളാക്കിയോൻ
പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ
തഴുകിയ കരങ്ങളിൽ ഭരണചക്രമായിതാ...
കൊറോണ നിപ്പയൊക്കവേ തകർത്തെറിഞ്ഞ നാടിതേ
കാലവർഷക്കെടുതിയും ഉരുൾപൊട്ടലൊക്കവേ
ദുരിതപൂർണ ജീവിതം ഇരുളിലായ കാലവും
കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാൾ
ജീവനുള്ള നാൾ വരെ സുരക്ഷിതത്വമേകിടാൻ
പദ്ധതികളൊക്കെയും ജനതതിക്കു നൽകിയോൻ’ എന്നിങ്ങനെ പോകുന്നു വരികൾ.
മൂന്ന് വർഷം മുന്‍പ് പാറശാലയിൽ പിണറായി സ്തുതിയുമായി അഞ്ഞൂറോളം വനിതകള്‍ അവതരിപ്പിച്ച മെഗാതിരുവാതിര വിവാദമായിരുന്നു. കഴിഞ്ഞ വര്‍ഷം 'കേരള സിഎം' എന്ന പേരില്‍ യുട്യൂബില്‍ ഒരു ഗാനം ഇറങ്ങിയിരുന്നു. "പിണറായി വിജയന് നാടിന്റെ അജയന്' എന്നു തുടങ്ങുന്ന പാട്ടില്‍ "തീയില്‍ കുരുത്തൊരു കുതിര', "കൊടുങ്കാറ്റില്‍ പറക്കും കഴുകന്' എന്നെല്ലാമാണ് പിണറായിയെ വിശേഷിപ്പിച്ചിരുന്നത്.