അഴുകിയ നിലയിലായിരുന്നു മൃതദേഹം; ഭസ്മംകൊണ്ട് മൂടിയതിനാൽ അധികം ദുർഗന്ധം ഉണ്ടായില്ല: സമാധി പൊളിച്ച രതീഷ്
Thursday, January 16, 2025 11:53 AM IST
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി ഭസ്മത്തിനാൽ മൂടിയിരുന്നതിനാൽ അധികം ദുർഗന്ധം ഉണ്ടായിരുന്നില്ലെന്ന് സമാധി പൊളിച്ച രതീഷ്. സമാധിയിൽ മണ്ണിട്ട് മൂടിയിരുന്നില്ലെന്നും രതീഷ് പറഞ്ഞു.
സമാധിയുടെ മുകൾഭാഗവും സൈഡും മാത്രമാണ് പൊളിച്ചത്. രാവിലെ പോലീസുകാർ നേരിട്ടുവന്നാണ് വിളിപ്പിച്ചത്. ഓട്ടോ ഡ്രൈവർ ആണ് താനെന്നും പോലീസ് വിളിച്ചതിനാലാണ് വന്നതെന്നും രതീഷ് വ്യക്തമാക്കി.
സ്ലാബ് ഇളക്കുമ്പോൾ തന്നെ തലയും നെഞ്ചുവരെയും കാണാനാകുമായിരുന്നു. നെഞ്ചുവരെ ഭസ്മത്തിൽ മൂടിയിരുന്നു. അഴുകിയ നിലയിലായിരുന്നു മൃതദേഹം. ഭസ്മം കോരി മാറ്റിയാണ് മൃതദേഹം പുറത്തേക്കെടുത്തത്.
മൃതദേഹത്തിന്റെ വയർ വീർത്തിരുന്നു. തലയും സ്ലാബും തമ്മിൽ ഒരിഞ്ചിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹം കൈകൊണ്ടുതന്നെ നിരക്കി സ്ട്രക്ചറിൽ കയറ്റി. സഹായത്തിന് മറ്റൊരാളും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.