എം.എൻ. വിജയന്റെ ആത്മഹത്യ: കോൺഗ്രസ് നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Thursday, January 16, 2025 11:28 AM IST
കൽപ്പറ്റ: വയനാട്ടിലെ മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയനും മകനും ജീവനൊടുക്കിയ കേസില്‍ കുറ്റാരോപിതരായ കോൺഗ്രസ് നേതാക്കൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഡിസിസി മുന്‍ ട്രഷറര്‍ കെ.കെ. ഗോപിനാഥന് എന്നിവരുടെ ജാമ്യഹർജിയിൽ പ്രതിഭാഗം വാദം ബുധനാഴ്ച പൂർത്തിയായിരുന്നു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
ജാമ്യം തീർപ്പാക്കുന്നതുവരെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തുടരാനാണ് കോടതി നിർദേശം. മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടാൽ പ്രതികൾ ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. നിലവിൽ മൂവരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഒളിവിലിരിക്കെ ഐ.സി. ബാലകൃഷ്ണന് എംഎല്‍എയുടെ വീഡിയോസന്ദേശം ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. കേസില്‍ എംഎല്‍എയെ രക്ഷിക്കാനാണ് ശ്രമമെന്ന ആരോപണവും ഉയര്‍ന്നു.
അതേസമയം, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റവും വഞ്ചനാക്കുറ്റവും ചുമത്തി ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുള്‍ ഷരീഫിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.
പുതിയ അന്വേഷണ സംഘം ഇന്ന് കേസ് ഏറ്റെടുത്തേക്കും.ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം. വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 27ന് ഇരുവരും മരിച്ചു.