ഇപിയുടെ ആത്മകഥാ വിവാദം; ഡിസി ബുക്സ് പബ്ലിക്കേഷന്‍ വിഭാഗം മുൻ മേധാവി അറസ്റ്റില്‍
Thursday, January 16, 2025 11:03 AM IST
കോട്ടയം: ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്സ് പബ്ലിക്കേഷന്‍ വിഭാഗം മുൻ
മേധാവി എ.വി.ശ്രീകുമാര്‍ അറസ്റ്റില്‍. മുന്‍കൂര്‍ ജാമ്യം ഉണ്ടായിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.
കോട്ടയം ഈസ്റ്റ് പോലീസാണ് ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മകഥയുടെ ഭാഗങ്ങള്‍ ശ്രീകുമാറില്‍നിന്നാണ് ചോര്‍ന്നതെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
കഴിഞ്ഞ മാസം 31 നാണ് ശ്രീകുമാറിനെതിരെ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാജരേഖ ചമക്കൽ, ഐടി ആക്ട് ലംഘനം എന്നിവയടക്കമുള്ള വകുപ്പുകളാണ് ശ്രീകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
വിവാദത്തെ തുടർന്ന് ശ്രീകുമാറിനെ ഡിസി ബുക്സ് ചുമതലകളിൽ നിന്നും നീക്കിയിരുന്നു. ഇ.പി എഴുതിയ കുറിപ്പുകൾ തിരുത്താൻ ഏൽപ്പിച്ച മാധ്യമ പ്രവർത്തകനിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം എഴുതാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്ത് പ്രചരിപ്പിച്ചതായാണ് കേസ്.