കേക്ക് വിവാദം: വി.എസ്. സുനിൽ കുമാറിനെതിരെ സിപിഐ എക്സിക്യൂട്ടിവിൽ വിമർശനം
Thursday, January 16, 2025 10:56 AM IST
തൃശൂർ: വി.എസ്. സുനിൽ കുമാറിനെതിരെ സിപിഐ എക്സിക്യൂട്ടിവിൽ വിമർശനം. തൃശൂർ മേയറുടെ കേക്ക് വിവാദവുമായി ബന്ധപ്പെട്ട് സുനിൽകുമാർ നടത്തിയ പ്രതികരണമാണ് വിമർശനത്തിന് ഇടയാക്കിയത്.
പി.പി. സുനീർ ആണ് സുനിൽകുമാറിനെതിരെ വിമർശനം ഉന്നയിച്ചത്. തൃശൂരിലെ വിഷയത്തിൽ പാർട്ടി ആസ്ഥാനത്തുവച്ച് മാധ്യമങ്ങളെ കണ്ടത് ശരിയായില്ല. തൃശൂരിലെ ഘടകവുമായി ആലോചിച്ച് പ്രതികരിക്കണമായിരുന്നുവെന്നും വിമർശനം.
സുനിൽ കുമാറിന് എതിരായ വിമർശനത്തിൽ കഴമ്പുണ്ടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശരിവച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. മുതിർന്ന നേതാവായ സുനിൽ കുമാറിനോട് സംസാരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. പിശക് ബോധ്യപ്പെടുത്തുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
തൃശൂർ മേയർ എം.കെ. വർഗീസിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കേക്ക് നൽകിയതുമായി ബന്ധപ്പെട്ട് സുനിൽകുമാർ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.