സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ
Thursday, January 16, 2025 10:29 AM IST
മുംബൈ: നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. സംശയാസ്പദമായ രീതിയിൽ കണ്ട മൂന്ന് പേരെ മുംബൈ പോലീസാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
ബോളിവുഡ് താരം സെയ്ഫ് അലി ഖാന് വീട്ടിനുള്ളിൽ വച്ചാണ് മോഷ്ടാവിന്റെ കുത്തേറ്റത്. ഇന്ന് പുലർച്ചെ 2.30ഓടെയാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ. മുംബൈ ബാന്ദ്രയിലെ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് താരത്തെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സെയ്ഫ് മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ശരീരത്തിൽ ആറ് മുറിവുകളുണ്ട്. രണ്ടെണ്ണം ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കവർച്ച നടക്കുന്നതിനിടെ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് അക്രമികൾ കുത്തി പരിക്കേൽപ്പിച്ചത്. അതേസമയം, വീട്ടിലുണ്ടായത് കവർച്ചാ ശ്രമമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ് പറയുന്നു.