ഗാസയിൽ വെടിനിർത്തൽ; സമാധാന കരാർ പ്രഖ്യാപിച്ച് ജോ ബൈഡൻ
Thursday, January 16, 2025 3:27 AM IST
വാഷിംഗ്ടൺ: ഗാസയിൽ വെടിനിർത്തലിനുള്ള കരാർ ഇസ്രായേലും ഹമാസും അംഗീകരിച്ചു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടത്തി. പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.
സമാധാന കരാർ നിലനിൽക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ബൈഡൻ പറഞ്ഞു. സമാധാന കരാർ ആദ്യ ഘട്ടത്തിന്റെ കാലാവധി 42 ദിവസമാണ്. ആറ് ആഴ്ചകൾക്ക് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കും. അത് ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ അവസാനമായിരിക്കുമെന്ന് ബൈഡൻ പറഞ്ഞു.
യുഎസിന്റെ പിന്തുണയോടെ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടത്തിയ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ സാധ്യമാകുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചു. ഇസ്രായേല്‍ മന്ത്രിസഭയില്‍ ഇതിനുള്ള വോട്ടെടുപ്പ് വ്യാഴാഴ്ചയോടെ പൂര്‍ത്തിയാകും.
അതേസമയം കരാറിലെ ചില നിര്‍ദേശങ്ങളില്‍ അന്തിമ സമവായത്തിലെത്തിയിട്ടില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ബന്ദികളുടെ മോചനത്തിനും ധാരണയായിട്ടുണ്ട്. 94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ പക്കലുള്ളത്. 1000 പലസ്തീനി തടവുകാരെ ഇസ്രായേലും കൈമാറും.