ഗതാഗതവകുപ്പിൽ അഞ്ചു ദിവസത്തിനകം ഫയൽ തീർപ്പാക്കിയില്ലെങ്കിൽ നടപടി
Wednesday, January 15, 2025 9:55 PM IST
ചാത്തന്നൂർ: ഗതാഗത വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ അഞ്ചു ദിവസത്തിനകം ഫയലുകൾ തീർപ്പാക്കിയില്ലെങ്കിൽ കർശന നടപടി. ഒരു സെക്ഷനിലും ഒരു ഉദ്യോഗസ്ഥന്റെ മുന്നിലും മതിയായ കാരണമില്ലാതെ അഞ്ചു ദിവസത്തിലധികം ഒരു ഫയലും തടഞ്ഞുവയ്ക്കരുത്.
തടഞ്ഞുവച്ചാൽ ഉദ്യോഗസ്ഥനെതിരേ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കാൻ ഓഫീസ് മേലധികാരികൾക്ക് നിർദ്ദേശിക്കാൻ അധികാരം നൽകിയിട്ടുമുണ്ട്. ഗതാഗത വകുപ്പുമന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ ശക്തമായ നിലപാടിനെ തുടർന്ന് ഗതാഗത വകുപ്പ് അനുബന്ധ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗതാഗത വകുപ്പിന് കീഴിലുള്ള മോട്ടോർ വാഹന വകുപ്പ്, കെഎസ്ആർടി സി , കെടിഡിഎഫ്സി , ജലഗതാഗതവകുപ്പ്, ശ്രീ ചിത്തിരതിരുന്നാൾ കോളജ് ഓഫ് എൻജിനീയറിംഗ്, കെ സ്വിഫ്റ്റ് എന്നീ സ്ഥാപനങ്ങൾക്കാണ് നിശ്ചിത ദിവസത്തിനകം ഫയൽ തീർപ്പാക്കൽ നിർദ്ദേശം നല്കിയിട്ടുള്ളത്. ഇ- ഓഫീസ് സംവിധാനമുള്ള ഓഫീസുകളിൽ ആഴ്ചയിൽ ഒരിക്കൽ ഫയലുകൾ പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തണം.ഫയലുകൾ പരിശോധിച്ച് റിപ്പോർട്ട് നല്കാൻ ഒരു ഉദ്യോഗസ്ഥനെ മേലധികാരി ചുമതലപ്പെടുത്തണം.
ജനുവരിയിൽ തന്നെ ഫയൽ തീർപ്പാക്കൽ നടപടികൾ ആരംഭിക്കണം. മാർച്ച് 31 - ന് മുമ്പ് കൃത്യതയോടെ നടപ്പിൽവരുത്തുകയും വേണം. മതിയായ കാരണമില്ലാതെ അഞ്ചു ദിവസത്തിൽ കൂടുതൽ ഫയൽ തടഞ്ഞുവയ്ക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കാനാണ് ഗതാഗത വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്.