ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്: അനുശാന്തിക്ക് ജാമ്യം നല്കി സുപ്രീംകോടതി
Wednesday, January 15, 2025 12:30 PM IST
ന്യൂഡൽഹി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന അനുശാന്തിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
ജീവപര്യന്തം തടവിനാണ് കോടതി അനുശാന്തിയെ ശിക്ഷിച്ചത്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ഇടപെടലെന്നും സുപ്രീംകോടതി അറിയിച്ചു.
എന്നാൽ ശിക്ഷ റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കിയിട്ടില്ല. ഈ ഹർജി തീർപ്പാകുന്നത് വരെയാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചതെന്നും കോടതി വ്യക്തമാക്കി. അതേസമയം, വിചാരണക്കോടതിയാണ് ജാമ്യ ഉപാധികൾ തീരുമാനിക്കേണ്ടത്.
കേസില്‍ ഒന്നാംപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പകരം പരോളില്ലാത്ത 25 വര്‍ഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. എന്നാൽ, രണ്ടാംപ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി ശരിവയ്ക്കുകയായിരുന്നു.
2014 ഏപ്രില്‍ 16 ന് ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ടെക്നോപാര്‍ക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു ഒന്നാം പ്രതി നിനോ മാത്യൂവും രണ്ടാം പ്രതി അനുശാന്തിയും. രണ്ടാംപ്രതിയുടെ വീട്ടില്‍ ഉച്ചയോടെയെത്തിയ നിനോ അനുശാന്തിയുടെ മൂന്നര വയസുകാരി മകള്‍ സ്വസ്തികയെയും ഭര്‍ത്താവിന്റെ അമ്മ ആലംകോട് മണ്ണൂര്‍ഭാഗം തുഷാരത്തില്‍ ഓമന (57)യേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനുള്ള തടസം ഒഴിവാക്കാനായിരുന്നു കൊലപാതകം. ആക്രമണത്തില്‍ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു.