ഇന്നലെ കുറഞ്ഞത് ഇന്നു കൂടി; സ്വർണവില ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
Wednesday, January 15, 2025 12:09 PM IST
കൊച്ചി: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വർണവില വീണ്ടും മുകളിലേക്ക്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 58,720 രൂപയിലും ഗ്രാമിന് 7,340 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് അഞ്ചുരൂപ വർധിച്ച് 6,050 രൂപയിലും പവന് 40 രൂപ വർധിച്ച് 48,400 രൂപയിലുമെത്തി.
തുടര്‍ച്ചയായ അഞ്ചുദിവസത്തെ മുന്നേറ്റത്തിന് ശേഷം ചൊവ്വാഴ്ച താഴെവീണ സ്വർണവിലയാണ് തിങ്കളാഴ്ചത്തെ നിരക്കിലേക്ക് തിരികെയെത്തിയത്. രണ്ടാഴ്ച കൊണ്ട് 1,500 രൂപയിലേറെ വര്‍ധിച്ച ശേഷമായിരുന്നു ചൊവ്വാഴ്ച 80 രൂപയുടെ ഇടിവ് സംഭവിച്ചത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് മൂന്നുദിവസംകൊണ്ട് വർധിച്ചത് 1,200 രൂപയാണ്. എന്നാൽ നാലിന് സ്വർണവില 360 രൂപ കുറഞ്ഞിരുന്നു. തുടർന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സ്വര്‍ണവില ദിവസങ്ങള്‍ക്ക് മുന്‍പാണ് വീണ്ടും 58,000ന് മുകളില്‍ എത്തിയത്. തിങ്കളാഴ്ച 58,720 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തി.
ഡിസംബർ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20 ന് 56,320 രൂപയായി താഴ്ന്നതാണ് ഡിസംബർ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്.