കൈവിളക്കുമായി ജ്വലിച്ച് കാവലായി നിന്നയാള്‍; മുഖ്യമന്ത്രിക്ക് വീണ്ടും വാഴ്ത്തുപാട്ട്
Wednesday, January 15, 2025 11:29 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ‘ഫീനിക്സ് പക്ഷി’യായി വിശേഷിപ്പിച്ച്
വീണ്ടും വാഴ്ത്തുപാട്ട്. വ്യാഴാഴ്ച സിപിഎം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാർ ഗാനം ആലപിക്കും.
സമരധീര സാരഥി പിണറായി വിജയൻ, പടയുടെ നടുവിൽ പടനായകൻ’ എന്ന വരികളോടെയാണു പാട്ടു തുടങ്ങുന്നത്. ‘ഫീനിക്സ് പക്ഷിയായി മാറുവാൻ ശക്തമായ ത്യാഗപൂർണ ജീവിതം വരിച്ചയാളാ’ണ്പിണറായിയെന്നു പാട്ടിൽ പറയുന്നു.
പാടവും പറമ്പും കേരമൊക്കെയും പടക്കളം
ജന്മിവാഴ്ചയെ തകർത്തു തൊഴിലിടങ്ങളാക്കിയോൻ
പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ
തഴുകിയ കരങ്ങളിൽ ഭരണചക്രമായിതാ...
കൊറോണ നിപ്പയൊക്കവേ തകർത്തെറിഞ്ഞ നാടിതേ
കാലവർഷക്കെടുതിയും ഉരുൾപൊട്ടലൊക്കവേ
ദുരിതപൂർണ ജീവിതം ഇരുളിലായ കാലവും
കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാൾ
ജീവനുള്ള നാൾ വരെ സുരക്ഷിതത്വമേകിടാൻ
പദ്ധതികളൊക്കെയും ജനതതിക്കു നൽകിയോൻ’
എന്നിങ്ങനെ പോകുന്നു വരികൾ.
മൂന്ന് വർഷം മുന്‍പ് പാറശാലയിൽ പിണറായി സ്തുതിയുമായി അഞ്ഞൂറോളം വനിതകള്‍ അവതരിപ്പിച്ച മെഗാതിരുവാതിര വിവാദമായിരുന്നു. കഴിഞ്ഞ വര്‍ഷം 'കേരള സിഎം' എന്ന പേരില്‍ യുട്യൂബില്‍ ഒരു ഗാനം ഇറങ്ങിയിരുന്നു. "പിണറായി വിജയന് നാടിന്റെ അജയന്' എന്നു തുടങ്ങുന്ന പാട്ടില്‍ "തീയില്‍ കുരുത്തൊരു കുതിര', "കൊടുങ്കാറ്റില്‍ പറക്കും കഴുകന്' എന്നെല്ലാമാണ് പിണറായിയെ വിശേഷിപ്പിച്ചിരുന്നത്.