ഇപ്പോൾ കുറച്ചു ആശ്വാസമുണ്ട്; വീഡിയോ കോളിൽ മന്ത്രി ആർ.ബിന്ദുവിനോട് സംസാരിച്ച് ഉമ തോമസ്
Tuesday, January 14, 2025 11:06 PM IST
കൊച്ചി: വീഡിയോ കോളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനോട് സംസാരിച്ച് ഉമ തോമസ് എംഎൽഎ. ഇപ്പോൾ കുറച്ചു ആശ്വാസമുണ്ട്. വരുന്ന അസംബ്ലി സെഷനിൽ ചിലപ്പോ ഉണ്ടാവില്ല, മിനിസ്റ്റർ വന്നതിൽ സന്തോഷം വിശേഷങ്ങൾ ഓരോന്നായി ആശുപത്രി മുറിയിലിരുന്നുകൊണ്ട് ഉമ തോമസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം ആറിനാണ് ഉമ തോമസ് ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍ മന്ത്രി എത്തിയത്. ഇരുവരും നിറഞ്ഞ ചിരിയോടെയാണ് പരസ്പരം കുശലാന്വേഷണത്തില്‍ ഏര്‍പ്പെട്ടത്. ഡിസംബര്‍ 29ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്കിടെ സ്റ്റേജില്‍നിന്ന് വീണാണ് ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റത്.
ശ്വാസകോശത്തിനേറ്റ മുറിവുകള്‍ ഏറെക്കുറെ ഭേദപ്പെട്ടിട്ടുണ്ട്. വാരിയെല്ലിനും മറ്റുമേറ്റ ചതവുകള്‍ സുഖപ്പെടാന്‍ ഏറെ സമയമെടുക്കുമെന്ന് ആശുപത്രി അധികൃതർ മന്ത്രിയെ അറിയിച്ചു. ഈ ആഴ്ച അവസാനത്തോടെ എംഎല്‍എയ്ക്ക് ആശുപത്രി വിടാന്‍ കഴിഞ്ഞേക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.