ടി.പിയുടെ ജീവിതം സിനിമയാക്കിയ മൊയ്തു താഴത്ത് മുസ്ലിം ലീഗിൽ ചേർന്നു
Tuesday, January 14, 2025 8:03 PM IST
കണ്ണൂർ: കൊല്ലപ്പെട്ട ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ ജീവിതം സിനിമയാക്കിയ സംവിധായകൻ മൊയ്തു താഴത്ത് മുസ്ലിം ലീഗിൽ ചേർന്നു. കഴിഞ്ഞ ദിവസം വടകര മുട്ടുങ്ങലിൽ ചേർന്ന പൊതുസമ്മേളനത്തിൽ ലീഗ് നേതാവ് ഷാഫി ചാലിയം അംഗത്വം നൽകി.
നേരത്തെ സിപിഎമ്മിലായിരുന്ന മൊയ്തു താഴത്ത് ടി.പി.ചന്ദ്രശേഖരൻ വധത്തെത്തുടർന്ന് സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്ന് തെരഞ്ഞെടുപ്പ് വേളയിലടക്കം സജീവമായി പ്രവർത്തിച്ചിരുന്നു. മാധ്യമപ്രവർത്തകനായിരുന്ന മൊയ്തു താഴത്ത് കൈരളി ചാനലിലും ഇന്ത്യാ വിഷനിലും ദർശന ടിവിയിലും വിവിധ പരിപാടികളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ടി.പി. ചന്ദ്രശേഖരനെക്കുറിച്ച് സിനിമയെടുത്ത വിരോധത്തിൽ ഇപ്പോഴും താൻ ഭീഷണിയുടെ നടുവിലാണ് കഴിയുന്നതെന്ന് മൊയ്തു താഴത്ത് പറഞ്ഞു. നേരത്തെ കണ്ണൂരിൽ കുടുംബവുമായി താമസിച്ചു വരുന്നതിനിടെ ഭീഷണി കാരണം താമസസ്ഥലത്തുനിന്ന് ഇറക്കിവിട്ടതുൾപ്പെടെയുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്ന് മൊയ്തു താഴത്ത് പറഞ്ഞു.