അമ്മ ട്രഷറര്‍ സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നുവെന്ന് ഉണ്ണി മുകുന്ദന്
Tuesday, January 14, 2025 12:18 PM IST
കൊച്ചി: താരസംഘടനയായ അമ്മയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് പിൻവാങ്ങുന്നതായി നടൻ ഉണ്ണി മുകുന്ദന്. സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇക്കാര്യം ഉണ്ണി മുകുന്ദന് അറിയിച്ചത്.
ദീര്‍ഘമായ ആലോചനയ്ക്ക് ശേഷമാണ് കഠിനമായ ഈ തീരുമാനത്തിലേക്കെത്തിയത്. പദവിയിലുണ്ടായിരുന്ന കാലം വളരെയധികം ആസ്വദിച്ചിരുന്നു. അടുത്തിടെ ജോലിയുടെ സമ്മര്‍ദം കൂടിയത് തന്റെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചു.
ഇത് ജീവിതം ബാലന്‍സ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. തന്റേയും കുടുംബത്തിന്റേയും ക്ഷേമത്തിന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം താന്‍ തിരിച്ചറിയുന്നു. ട്രഷറര്‍ സ്ഥാനാത്തിനിരിക്കെ തന്റെ ഏറ്റവും മികച്ചതാണ് സംഘടനയ്ക്ക് വേണ്ടി നല്‍കിയത്.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ പുതിയ ട്രഷറര്‍ സ്ഥാനമേല്ക്കുന്നതുവരെ താന്‍ തല്‍സ്ഥാനത്ത് തുടരും. പ്രവര്‍ത്തനകാലയളവില്‍ തന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നല്കിയ ട്രസ്റ്റിനോടും സഹപ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നുവെന്നും ഉണ്ണി മുകുന്ദന് വ്യക്തമാക്കി.