സ്പേഡെക്സ് ദൗത്യം വൈകും; ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം വീണ്ടും കൂട്ടി, ട്രയൽ പൂർത്തിയാക്കിയെന്ന് ഇസ്രോ
Sunday, January 12, 2025 9:17 AM IST
ബംഗളൂരു: രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്തു വച്ചു കൂട്ടിയോജിപ്പിക്കുന്ന സ്പേഡെക്സ് ദൗത്യം വൈകും. ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം വീണ്ടും കൂട്ടി. 1.5 കിലോമീറ്റർ അകലെയായിരുന്ന ഉപഗ്രഹങ്ങളെ രാവിലെ 15 മീറ്റർ അകലത്തിൽ വിജയകരമായി എത്തിച്ചിരുന്നു. പിന്നീട് മൂന്നു മീറ്റർ വരെ അടുത്ത് എത്തിച്ചശേഷം വീണ്ടും അകലം കൂട്ടുകയായിരുന്നു.
"15 മീറ്ററും മൂന്നു മീറ്ററും വരെ എത്താനുള്ള ഒരു പരീക്ഷണ ശ്രമം നടത്തി. ഇപ്പോൾ ബഹിരാകാശ പേടകങ്ങളെ സുരക്ഷിത ദൂരത്തേക്ക് മാറ്റുന്നു. കൂടുതൽ ഡാറ്റ വിശകലനം ചെയ്തതിന് ശേഷം ഡോക്കിംഗ് പ്രക്രിയ നടത്തും'- ഐഎസ്ആർഒ എക്സിൽ അറിയിച്ചു.
ഡോക്കിംഗ് ദൗത്യം നേരത്തെ രണ്ടുതവണ മാറ്റിവച്ചിരുന്നു. ദൗത്യത്തിലെ ചേസർ, ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളെ അതിസങ്കീർണമായ പരീക്ഷണത്തിലൂടെ ബഹിരാകാശത്തുവച്ച് ഒന്നാക്കി മാറ്റുന്ന പരീക്ഷണമാണിത്. ദൗത്യം വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
ഡിസംബര്‍ 30നാണു സ്പേഡെക്സ് പരീക്ഷണത്തിനുള്ള രണ്ടു ചെറുഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചത്. ആദ്യം ജനുവരി ഏഴിന് ഡോക്കിംഗ് പരീക്ഷണം നടക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് മാറ്റുകയായിരുന്നു.