മകരവിളക്കിനുള്ള മുഴുവൻ സുരക്ഷ ക്രമീകരണങ്ങളും പൂർത്തിയായി: ഡിജിപി
Saturday, January 11, 2025 8:11 PM IST
തിരുവനന്തപുരം: മകരവിളക്കിന് വേണ്ട മുഴുവൻ സുരക്ഷ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്. പഴുതടച്ച സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
സന്നിധാനത്ത് 1800, പമ്പയിൽ 800,നിലയ്ക്കലിൽ 700 പോലീസുദ്യോഗസ്ഥർ മകരവിളക്ക് ദിവസം ഡ്യൂട്ടിയിൽ ഉണ്ടാവും. മറ്റ് വ്യൂ പോയിന്റുകൾ ഉള്ള കോട്ടയത്ത് 650, ഇടുക്കിയിൽ 1050 പോലീസുദ്യോഗസ്ഥരും അന്നേ ദിവസം സുരക്ഷയ്ക്കായി ഉണ്ടാകും. മകരജ്യോതി കാണാൻ ഭക്തർ കയറുന്ന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കും. അനധികൃത വ്യൂ പോയിന്റുകൾ അനുവദിക്കില്ല.
സന്നിധാനത്ത് എഡിജിപി ശ്രീജിത്ത്, പമ്പയിൽ റേഞ്ച് ഐജി ശ്യാം സുന്ദർ, നിലയ്ക്കലിൽ ഐജി അജിതാ ബീഗം എന്നിവർ സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. ഈ സീസണിൽ പോലീസിനെതിരെ പരാതി കേൾക്കാതെ പോയി, വലിയ കൂട്ടായ്മയാണ് ഇത്തവണ ഉണ്ടായിരുന്നതെന്ന് ഡിജിപി പറഞ്ഞു.
ഭക്തര്‍ക്ക് സന്തോഷപൂർവമായ ദർശനമാണ് പോലീസ് ആഗ്രഹിക്കുന്നത്. ഹൈക്കോടതി ഇക്കാര്യത്തിൽ സമയോചിതമായുള്ള ഇടപെടലുകൾ നടത്തി. എത്ര ആളുകൾ വന്നാലും സുരക്ഷ ഒരുക്കാൻ പോലീസ് തയാറാണെന്നും എരുമേലി പാത വഴി പ്രത്യേക പാസ് ഇനി ഉണ്ടാകില്ലെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.