നെയ്യാറ്റിൻകര സമാധി വിവാദം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനൊരുങ്ങി പോലീസ്
Saturday, January 11, 2025 4:29 PM IST
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൃദ്ധന്റെ സമാധിയിലെ വിവാദത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനൊരുങ്ങി പോലീസ്. സന്യാസിയായ അച്ഛൻ സമാധിയായെന്നാണ് മക്കൾ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശി ഗോപന് സമാധിയായെന്ന് മക്കൾ ബോർഡ് സ്ഥാപിച്ചത്. തുടർന്ന് രണ്ട് ആൺ മക്കൾ ചേർന്ന് മൃതദേഹം കുഴിച്ചു മൂടി സ്മാരകം വയ്ക്കുകയായിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനുള്ള പോലീസ് നീക്കം.
അതേസമയം അച്ഛൻ സമാധിയായശേഷം ചേട്ടനെ വിളിച്ച് പൂജാദ്രവ്യങ്ങളെല്ലാം വാങ്ങികൊണ്ടുവന്നുവെന്ന് ഗോപന്റെ മകൻ പറഞ്ഞു. പകൽ സമയത്താണ് ഇതെല്ലാം ചെയ്തത്. എല്ലാ സുഗന്ധ ദ്രവ്യങ്ങളും ഇട്ടാണ് അച്ഛനെ നിമജ്ഞനം ചെയ്തത്.
ഈ ക്ഷേത്രത്തിന്റെ യോഗീശ്വരനാണ് അച്ഛൻ. ഇനി ഈ ക്ഷേത്രത്തിന് വളര്‍ച്ചയുണ്ടാകും. അതിനെ തകര്‍ക്കാനാണ് നാട്ടുകാരുടെ ശ്രമമെന്നും മകൻ ആരോപിച്ചു.