നീലഗിരിയിൽ കുന്നിൻ മുകളിൽ നിന്നും വീണ് പിടിയാന ചരിഞ്ഞു
Saturday, January 11, 2025 7:43 AM IST
നീലഗിരി: കുന്നിന് മുകളിൽ നിന്നും താഴേക്ക് വീണ് പിടിയാന ചരിഞ്ഞു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കുന്നൂരിൽ ഇന്ന് രാവിലെയാണ് സംഭവം.
300 അടി താഴ്ചയിലേക്ക് ആണ് ആന വീണത്. വീഴ്ചയിൽ അവശയായ ആന വീണ്ടും താഴേക്ക് വീണതോടെയാണ് ചരിഞ്ഞത്.
സാധാരണയായി ആന കൂട്ടത്തോടെ എത്തുന്ന പ്രദേശമാണിത്. രാവിലെ കുന്നിൻ ചരുവിലൂടെ നടന്നപ്പോൾ താഴേക്ക് വീണതാകാം എന്നാണ് സംശയം.
ആന ആദ്യം വീണിടത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തും മുൻപ് ആന രണ്ടാമതും താഴേക്ക് വീണു. താഴ്ചയിൽ ഇറങ്ങി പരിശോധിച്ചപ്പോഴേക്കും ആന ചരിഞ്ഞിരുന്നു. എങ്ങനെയാണ് അപകടമുണ്ടായത് എന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.