മുംബൈയിൽ വിദ്യാർഥിനിയെ സ്കൂളിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Saturday, January 11, 2025 4:29 AM IST
മുംബൈ: പ്ലസ് വൺ വിദ്യാർഥിനിയെ സ്കൂളിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോഗേശ്വരി ഈസ്റ്റിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ സ്കൂൾ ആൻഡ് ജൂനിയർ കോളജിലാണ് സംഭവം.
സ്കൂളിലെ ശുചീകരണ തൊഴിലാളിയാണ് സംഭവം കണ്ടത്. ശുചിമുറിയുടെ വാതിലിനോട് ചേർന്ന് ഒരു പെൺകുട്ടി നിലത്ത് ഇരിക്കുന്നത് ശുചീകരണ തൊഴിലാളിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
സംശയം തോന്നിയ ഇവർ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന് തൊട്ടടുത്തുള്ള ശുചിമുറിയിൽ കയറി നോക്കിയപ്പോഴാണ് വാതിലിനു പിന്നിൽ ഇരിക്കുന്ന പെൺകുട്ടിയെ കണ്ടത്.
സ്കൂൾ അധികൃതർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. വിദ്യാർഥിനിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.