രണ്ടാം ക്ലാസുകാരിയുടെ മരണം; സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസ്
Saturday, January 11, 2025 12:46 AM IST
തിരുവനന്തപുരം: മടവൂരിൽ സ്കൂൾ ബസ് അപകടത്തിൽ രണ്ടാം ക്ലാസുകാരി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. മടവൂർ സ്വദേശി ബിജുകുമാറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കുട്ടി സുരക്ഷിതമായി വീട്ടിൽ എത്തി എന്ന് ഡ്രൈവർ ശ്രദ്ധിച്ചില്ല, അശ്രദ്ധമായും ഉദാസീനതയോടെയും വാഹനം ഓടിച്ചെന്നും എഫ്ഐആറിൽ പറയുന്നു. മടവൂർ ഗവൺമെന്റ് എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി കൃഷ്ണേന്ദുവാണ് വീടിനു മുന്നിൽ ബസിന്റെ പിൻ ചക്രം കയറിയിറങ്ങി മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
ബസ് ഇറങ്ങിയ കൃഷ്ണേന്ദു അടുത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ബസിനടിയിലേക്ക് വീണതിനെത്തുടർന്നായിരുന്നു തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങിയത്.
അപകടസമയം കൃഷ്ണേന്ദുവിന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അമ്മ സ്വകാര്യ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയാണ്. അച്ഛൻ കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവറും. സഹോദരൻ മടവൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. മരിച്ച കൃഷ്ണേന്ദുവിന്റെ സംസ്കാരം പോസ്റ്റ്മോർട്ടത്തിനുശേഷം നടക്കും.