മഴ വരുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Friday, January 10, 2025 6:49 PM IST
തിരുവനന്തപുരം: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ കേരളത്തിൽ മഴ മുന്നറിയിപ്പ്. ശനിയാഴ്ച പത്തു ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
കേരളത്തിൽ 13, 14 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനമനുസരിച്ച് വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.