അല്‍ മുക്താദിര്‍ ജ്വലറിയിലെ റെയ്ഡ്; 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി
Friday, January 10, 2025 3:26 PM IST
തിരുവനന്തപുരം: അല്‍ മുക്താദിര്‍ ജ്വലറികളില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ കേരളത്തില്‍ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. വിദേശത്തേക്ക് 50 കോടി കടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.
സ്വര്‍ണം നേരത്തേ ബുക്ക് ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് മണി ചെയിന്‍ മാതൃകയില്‍ കോടിക്കണക്കിന് രൂപ ഇവര്‍ ശേഖരിച്ചിരുന്നു. ഇത് പിന്നീട് വ്യക്തി അധിഷ്ഠിത കാര്യങ്ങള്‍ക്ക് വേണ്ടി വക മാറ്റിയിട്ടുണ്ടെന്നും കണ്ടെത്തി.
അല്‍ മുക്താദിർ ജ്വലറിയും മുംബൈയിലെ ഒരു ഗോള്‍ഡ് പര്‍ച്ചേസിംഗ് സ്ഥാപനമായ യുണീക്ക് ചെയിനുമായി ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഈ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലും 400 കോടിയുടെ തിരിമറി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലും മുംബൈയിലും അടക്കം അല്‍ മുക്താദിറിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് തുടരുകയായിരുന്നു. സംസ്ഥാനത്ത് 30 കടകളിലാണ് പരിശോധന നടത്തിയത്.