ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി; ഉച്ചയ്ക്കു ശേഷം പരിഗണിക്കും
Friday, January 10, 2025 1:42 PM IST
കൊച്ചി: നടിയെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ റിമാന്‍ഡിലായി കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. പന്ത്രണ്ടരയോടെ ഓണ്‍ലൈനായാണ് അഭിഭാഷകന് അപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയായതാണെന്നും റിമാന്‍ഡ് ചെയ്യേണ്ട ആവശ്യമില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. പ്രതി സംസ്ഥാനത്തെ പ്രമുഖ വ്യവസായിയാണ്. ഇവിടെനിന്ന് ഓടിപ്പോകുന്ന ആളല്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അപേക്ഷയില്‍ പറയുന്നു.
നാളെ രണ്ടാം ശനിയും പിറ്റേന്ന് ഞായറാഴ്ചയുമായതിനാൽ ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കിൽ രണ്ടു ദിവസം കൂടി ബോബി ജയിലിൽ കഴിയേണ്ടി വരും.
അതേസമയം, ബോബിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങില്ല. പ്രതിക്കെതിരേയുള്ള നിര്‍ണായക തെളിവുകളെല്ലാം കോടതിയില്‍ ഹാജരാക്കിയിരുന്നു. അതുപ്രകാരമാണ് ബോചെയ്ക്ക് കോടതി ജാമ്യം നിഷേധിച്ചത്. ഇനി കസ്റ്റഡിയില്‍ വാങ്ങേണ്ട ആവശ്യം നിലവിലില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. അത്തരം സാഹചര്യം വന്നാല്‍ മാത്രം കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് പോലീസ് പറയുന്നത്.
തന്നെ അധിക്ഷേപിച്ചുവെന്നു കാണിച്ച് യുട്യൂബര്‍മാര്‍ക്കെതിരേ ഹണി റോസ് ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പരാതി കിട്ടിയാല്‍ അന്വേഷണം നടത്തുമെന്നും സെന്‍ട്രല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സി. ജയകുമാര്‍ പറഞ്ഞു.
ബോചെയ്ക്ക് തിരിച്ചടിയായത് ഹണി റോസിന്റെ രഹസ്യമൊഴി
ബോബി ചെമ്മണ്ണൂരിന് ജാമ്യാപേക്ഷയില്‍ തിരിച്ചടിയായത് ഹണി റോസ് എറണാകുളം ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ രഹസ്യമൊഴിയായിരുന്നു. 164 വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്മെന്റില്‍ ബോബി ചെമ്മണ്ണൂരിനെതിരേ ഗുരുതരമായ പരാമര്‍ശങ്ങളുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബോബിയുടെ ജ്വല്ലറിയുടെ ഉദ്ഘാടന സമയത്ത് ശരീരത്തില്‍ സ്പര്ശിച്ചും ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തിയുമാണ് ബോബി ഉപദ്രവം തുടങ്ങിയതെന്നാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരേ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. ഒരു ജിമ്മിന്റെ ഉദ്ഘാടന സമയത്ത് ദ്വയാര്‍ഥ പ്രയോഗം ആവര്‍ത്തിച്ചു. അതിനുശേഷം പല അഭിമുഖങ്ങളിലും തനിക്ക് നേരേ നടത്തിയ ലൈംഗിക അധിക്ഷേപങ്ങള്‍ അടക്കമാണ് ഹണി റോസിന്റെ പരാതി.