ഡൽഹിയിലെ സ്കൂളുകളിലെ ബോംബ് ഭീഷണി; 12-ാം ക്ലാസുകാരൻ പിടിയിൽ
Friday, January 10, 2025 10:56 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്തയാൾ പിടിയിൽ. പിടിയിലായ 12-ാം ക്ലാസ് വിദ്യാര്‍ഥി ആറ് തവണയെങ്കിലും വിവിധ സ്കൂളുകള്‍ക്ക് ഭീഷണി സന്ദേശം അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
സംശയം ഒഴിവാക്കാന്‍ എല്ലാത്തവണയും ഒന്നിലധികം സ്കൂളുകള്‍ക്ക് സന്ദേശം അയച്ചിരുന്നു. ഒരു തവണ 23 സ്കൂളുകള്‍ക്ക് വരെ ഭീഷണി സന്ദേശം അയച്ചു. പരീക്ഷ റദ്ദാക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ഥി ഇത് ചെയ്തത്.
തലസ്ഥാനത്ത് പല സ്കൂളുകൾക്ക് നേരെ പല ദിവസങ്ങളിലായി ഒരേ സമയം ബോംബ് ഭീഷണി ഉയർന്നത് പോലീസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ബോംബ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു.വിപിഎൻ ഉപയോഗിച്ചുള്ള സന്ദേശമായതിനാൽ കുറ്റകൃത്യം ചെയ്തയാളെ കണ്ടെത്താനും വൈകുകയായിരുന്നു.