അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ മേയ് അഞ്ചിന് തുടങ്ങും
Thursday, January 9, 2025 7:46 PM IST
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ മേയ് അഞ്ചിന് ആരംഭിക്കും. രണ്ടു ഘട്ടങ്ങളിലായിട്ടാണ് വിചാരണ നടത്തുകയെന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവിൽ പറയുന്നു.
ആദ്യഘട്ടത്തിൽ 21 സാക്ഷികളെ വിസ്തരിക്കും. മറ്റ് സാക്ഷികളെ രണ്ടാം ഘട്ടത്തിൽ വിചാരണ ചെയ്യും. 2012 ഫെബ്രുവരി 20 നാണ് എംഎസ്എഫ് പ്രാദേശിക നേതാവായിരുന്ന അരിയിൽ ഷുക്കൂർ ചെറുകുന്ന് കീഴറയില്‍ വച്ച് കൊല്ലപ്പെട്ടത്.
അന്നേ ദിവസം സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഈ സംഭവം നടന്നു മണിക്കൂറുകള്‍ക്കുള്ളിലാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിനടുത്ത് രണ്ടര മണിക്കൂറോളം ഷുക്കൂറിനെ ബന്ദിയാക്കിയ ശേഷമാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമർപ്പിച്ച ഹർജിയിലാണ് കേസ് സിബിഐക്ക് വിട്ടത്.