ബോചെയ്ക്കെതിരേ കുരുക്ക് മുറുക്കി പോലീസ്
സ്വന്തം ലേഖിക
Thursday, January 9, 2025 4:06 PM IST
കൊച്ചി: നടി ഹണി റോസിന്റെ പരാതിയെ തുടര്‍ന്ന് ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരേ കുരുക്ക് മുറുക്കി പോലീസ്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി ഇന്ന് പുലർച്ചെ അഞ്ചിന് ഇയാളെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ബുധനാഴ്ച രാത്രിയും വൈദ്യ പരിശോധന നടത്തിയിരുന്നു.
കൂസലൊട്ടും ഇല്ലാതെ ചിരിച്ചു കൊണ്ടാണ് ബോബി വൈദ്യ പരിശോധനയ്ക്ക് എത്തിയത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും ആവര്‍ത്തിച്ച ബോബി കുറ്റബോധത്തിന്റെ ആവശ്യമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.
രാത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തെങ്കിലും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇയാള്‍ ആവര്‍ത്തിക്കുന്നത്. പരാമര്‍ശങ്ങള്‍ ദുരുദ്ദേശപരമായിരുന്നില്ല. അഭിമുഖങ്ങളിലടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും അശ്ലീല പദപ്രയോഗങ്ങളെന്നതു തെറ്റിദ്ധാരണ മാത്രമെന്നും ബോബി പോലീസിനോടു പറഞ്ഞു.
15 ഓളം കാരണങ്ങള്‍ നിരത്തി ജാമ്യത്തെ എതിർത്ത് പോലീസ്
കേസിന് ആസ്പദമായ 15 ഓളം കാരണങ്ങള്‍ കോടതിയില്‍ കാണിച്ച് ബോചെയുടെ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുകയാണ്. സമൂഹ മാധ്യമത്തിലൂടെ നടി ഹണി റോസിനെ ലൈംഗികമായ അധിക്ഷേപിച്ചതിനുള്ള വ്യക്തമായ തെളിവുകള്‍ തങ്ങളുടെ കൈയിലുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇത് കാണിച്ച് ബോചെയുടെ ജാമ്യത്തെ പോലീസ് എതിര്‍ത്തു.
ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബോചെയ്ക്കു വേണ്ടി വാദിക്കുന്നത് മുതിര്‍ന്ന അഭിഭാഷകന് ബി. രാമന്‍പിള്ളയാണ്.
മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക്
പോലീസ് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ ഫോണ്‍ ഇന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. പരാതിക്കാരിയോട് മറ്റെതെങ്കിലും തരത്തില്‍ മോശമായ സംഭാഷണം നടത്തിയിട്ടുണ്ടോ എന്നതടക്കമുളള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചു വരുകയാണ്.
അതിനിടെ, കേസിലെ പരാതിക്കാരിയായ നടി ഹണി റോസ് ബുധനാഴ്ച വൈകിട്ട് കോടതിയിലെത്തി രഹസ്യമൊഴി നല്‍കിയിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് നടി രഹസ്യമൊഴി നല്‍കിയത്.
രഹസ്യമൊഴിയുടെ പകര്‍പ്പ് ഇന്ന് പോലീസിന് ലഭിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. പകര്‍പ്പ് ലഭിച്ച ശേഷം ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തിലും തീരുമാനമുണ്ടാകും.
ലൈംഗിക അധിക്ഷേപത്തിനും അതിക്രമത്തിനും ഭാരതീയ ന്യായസംഹിതയിലെ 75 (1) (1), 75 (1), (4) വകുപ്പുകളും ഐടി ആക്ടിലെ 67-ാം വകുപ്പും പ്രകാരമാണ് ബോചെയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം ജാമ്യമില്ലാ വകുപ്പായതിനാല്‍ പ്രതിക്കു ജാമ്യത്തിനായി കോടതിയെ സമീപിക്കേണ്ടിവരും.
കൂടുതല്‍ പരാതികള്‍ ലഭിച്ചാല്‍ യുട്യൂബ് ചാനലുകള്‍ക്കെതിരേ നടപടിയെന്ന് പോലീസ്
ബോചെയ്ക്ക് എതിരെയുള്ള പരാതിക്കു പുറമേ നടി ആദ്യം നല്കിയ പരാതിയില്‍ 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ഒരാളുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.
അതേസമയം നിലവില്‍ നടി കൂടുതല്‍ പരാതി നല്‍കിയിട്ടില്ലെന്നും പരാതികള്‍ ലഭിച്ചാല്‍ യുട്യൂബ് ചാനലുകള്‍ക്കെതിരേ നടപടിയെടുക്കുമെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
കമ്മീഷണര്‍ നിയന്ത്രിച്ചു; പോലീസ് എത്തിയത് 50 മുറികള്‍ ബുക്ക് ചെയ്യാനെന്ന രീതിയില്‍
എറണാകുളം സെന്‍ട്രല്‍ എസിപി സി. ജയകുമാറിന് നടി ഹണി റോസ് പരാതി നല്‍കിയതിനു പിന്നാലെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയിക്ക് വയനാട്ടിലേക്ക് അന്വേഷണ സംഘത്തെ അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.
തുടര്‍ന്ന് എസ്ഐ അനൂപ് ചാക്കോ, എഎസ്ഐ ഷാജി, സിപിഒമാരായ ഗിരീഷ്, ഉണ്ണികൃഷ്ണന്, ഷിബു എന്നിവരുള്‍പ്പെട്ട സംഘം ബുധനാഴ്ച വൈകിട്ടോടെ വയനാട്ടിലേക്ക് തിരിച്ചു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള യാത്രയില്‍ കമ്മീഷണര്‍ പുട്ട വിമലാദിത്യയും ഡിസിപി അശ്വതി ജിജിയും എസിപി സി.ജയകുമാറും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദേശം നല്കി.
വ്യാഴാഴ്ച പുലര്‍ച്ചെ ആറിന് വയനാട് മേപ്പാടി കള്ളാടിക്കടുത്തുള്ള "ബോചെ ആയിരമേക്കര്‍' എസ്റ്റേറ്റില്‍ എത്തിയ പോലീസ് സംഘം ബോചെ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താനാകാതെ നാലു മണിക്കൂറോളം അതിനുള്ളില്‍ ചെലവഴിച്ചു. ലോക്കല്‍ പോലീസിനെ പോലും അറിയിക്കാതെ എറണാകുളം സെന്‍ട്രല്‍ പോലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്ക്വാഡും ചേര്‍ന്നായിരുന്നു ബോചെയ്ക്കെതിരെ നീങ്ങിയത്.
രണ്ടുവശവും തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ ഒരു വാഹനത്തിന് മാത്രം കടന്നു പോകാന്‍ കഴിയുന്ന ഇടുങ്ങിയ വഴിയായിരുന്നു അവിടെ. ഈ സ്ഥലത്ത് ബോചെ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തുക ദുസഹം തന്നെയായിരുന്നു.
ഒടുവില്‍ എസ്ഐ അനൂപ് മറ്റൊരു ബുദ്ധിയിറക്കി. തങ്ങള്‍ക്ക് 50 പേര്‍ക്കുള്ള മുറി ആവശ്യമുണ്ട്. അതൊന്നു കാണിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് വാഹനം തിരിച്ചു നിര്‍ത്തി. മുറി കാണുന്നതിനായി നീങ്ങുന്നതിനിടെയാണ് ബോചെയുടെ വാഹനം പോലീസിന്റെ കണ്ണില്‍പ്പെട്ടത്. ഈ സമയം റിസോര്‍ട്ടില്‍നിന്ന് ബോബി ചെമ്മണ്ണൂര്‍ പുറത്തുപോകാനുള്ള നീക്കത്തിലായിരുന്നു.
തുടര്‍ന്ന് എസ്ഐ അനൂപും സംഘവും കാര്‍ വളഞ്ഞ് പിടികൂടുകയായിരുന്നു. ബോബി ചെമ്മണ്ണൂര്‍ ഒളിവില്‍ പോകുന്നത് മുന്‍കൂട്ടി കണ്ടുകൊണ്ട് കൂടിയായിരുന്നു ഈ നീക്കം. തുടര്‍ന്ന് കഴിഞ്ഞ രാത്രി എട്ടോടെ ഇയാളെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.