സിബിഐയിൽ വിശ്വാസമില്ല; നിരപരാധിത്വം തെളിയിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
Thursday, January 9, 2025 3:52 PM IST
പാലക്കാട്: യഥാര്‍ഥ പ്രതികളിലേക്ക് എത്താന്‍ കഴിയാത്തതുകൊണ്ടാണ് സിബിഐ തങ്ങളെ കേസില്‍ പ്രതി ചേര്‍ത്തതെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. തങ്ങള്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്ന സിബിഐ തെളിവ് തരട്ടെ. ഇതിലും ഭേദം കേരളാ പോലീസായിരുന്നെന്നും അവര്‍ പ്രതികരിച്ചു.
സിബിഐയില്‍ വിശ്വാസമില്ല. തങ്ങളുടെ നിരപരാധിത്വം തെളിയിക്കും. നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു.
വാളയാര്‍ കേസിൽ പെണ്‍കുട്ടികളുടെ മാതാപിതാക്കൾക്കെതിരേ പ്രേരണാക്കുറ്റം ചുമത്തിക്കൊണ്ടാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.പെണ്‍കുട്ടികള്‍ പലതവണ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നിട്ടും ഇക്കാര്യം പോലീസിനെ അറിയിച്ചില്ല. ചൂഷണം തുടർന്നതോടെയാണ് പെൺകുട്ടികൾ ജീവനൊടുക്കിയതെന്ന് കൊച്ചി സിബിഐ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ഐപിസി വകുപ്പുകളും പോക്സോ വകുപ്പുകളും ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്. കേസന്വേഷിച്ച സിബിഐ തിരുവനന്തപുരം യൂണിറ്റാണ് ഇതുമായി ബന്ധപ്പെട്ടുള്ള ആറ് കേസുകളിലെ കുറ്റപത്രം സമര്‍പ്പിച്ചത്.