സ്വർണക്കപ്പുമായി തൃശൂരിന്റെ ചുണക്കുട്ടികൾ പൂരത്തിന്റെ നാട്ടിലെത്തി
Thursday, January 9, 2025 3:45 PM IST
കൊരട്ടി: ലോകകപ്പ് നേടിയ ടീമിന് ആരാധകർ നൽകിയ വരവേൽപ്പു പോലെയായിരുന്നു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാൽനൂറ്റാണ്ടിനു ശേഷം സ്വർണക്കപ്പു നേടി കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തെത്തിയ തൃശൂർ ജില്ല ടീമംഗങ്ങൾക്ക് നൽകിയ സ്വീകരണം.
കലോത്സവത്തിൽ ഒരേ ഒരു പോയന്റിന്റെ വ്യത്യാസത്തിൽ തൃശൂരിന്റെ കുട്ടികൾ കപ്പടിച്ചതു മുതൽ ജില്ല കാത്തിരിക്കുകയായിരുന്നു, സ്വർണക്കപ്പിന്റെ തങ്കത്തിളക്കം നേടിത്തന്ന കുട്ടിക്കലാപ്രതിഭകളെ മനംനിറഞ്ഞ് വരവേൽക്കാൻ.
തൃശൂർ ജില്ല അതിർത്തിയായ കൊരട്ടിയിൽ ഇന്നുരാവിലെ സ്വർണക്കപ്പുമായി തൃശൂരിന്റെ ഗഡികൾ എത്തുന്നതിനും മണിക്കൂറുകൾക്കു മുന്പേ തന്നെ ആർപ്പും ആരവവുമായി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകരും രക്ഷിതാക്കളും ജനപ്രതിധികളുമടങ്ങുന്ന ആൾക്കൂട്ടം തടിച്ചുകൂടിയിരുന്നു. കൊരട്ടിയിലേക്ക് കപ്പുമായി തൃശൂർ ടീം എത്തിയതോടെ ആർപ്പുവിളികളും കൈയടികളും ഉയർന്നു.
വർണബലൂണുകൾ വാനിലേക്കുയർത്തി തൃശൂർ ടീമിന്റെ പേരും പെരുമയും വാഴ്ത്തുന്ന കമന്ററികൾ കൊണ്ട് ആവേശം വിതറിയാണ് സാംസ്കാരിക തലസ്ഥാനത്തിന്റെ മണ്ണിലേക്ക് കലയുടെ പൂരം കഴിഞ്ഞ് സ്വർണത്തിടന്പേറ്റിയെത്തിയ ടീമിനെ സ്വീകരിച്ചാനയിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമല്ല തൃശൂരിനാകെ ഇന്ന് വിജയ ദിനമാണെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. കൊരട്ടിയിൽ ആവേശോജ്വലമായ സ്വീകരണത്തിനിടെ പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്കൂൾ തലത്തിലും പഞ്ചായത്ത് തലങ്ങളിലും മികവു പുലർത്തിയ കുട്ടികളെ അനുമോദിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.