കെഎഫ്സിയുടെ നിക്ഷേപത്തിനു പിന്നിൽ കമ്മീഷൻ ഇടപാടെന്ന് പ്രതിപക്ഷ നേതാവ്
Thursday, January 9, 2025 10:37 AM IST
കൊച്ചി: കെഎഫ്സിയിലെ പാർട്ടി ബന്ധുക്കളുടെ കമ്മീഷൻ ഇടപാടാണ് ആർസിഎഫ്എൽ നിക്ഷേപത്തിനു പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ അറിവോടെയാണ് ഇതുനടന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
കരുതൽ ധനം സൂക്ഷിക്കണം എന്ന വ്യവസ്ഥ ലംഘിച്ചാണ് നിക്ഷേപം നടത്തിയത്. സെബിയുടെ ഗ്യാരന്റി ഇല്ലെന്ന് നിക്ഷേപം സ്വീകരിച്ച കമ്പനിയുടെ പ്രോസ്പെക്ടസിൽ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറൽ ബാങ്കിൽ സൂക്ഷിച്ചിരുന്ന കരുതൽ ധനമാണ് അനിൽ അംബാനിയുടെ മുങ്ങി കൊണ്ടിരുന്ന സ്ഥാപനത്തിൽ കെഎഫ്സി നിക്ഷേപിച്ചത്. വെറും 0.21 ശതമാനം പലിശ വ്യത്യാസത്തിലാണ് നിക്ഷേപം നടത്തിയത്.
കാലാവധി തീരുന്നതിന് മുൻപ് ഫെഡറൽ ബാങ്ക് നിക്ഷേപം പിൻവലിച്ചത് കൊണ്ട് 20 ലക്ഷം അവിടെയും നഷ്ടമായി. ഇതിനൊക്കെ ഇപ്പോഴത്തെ ധനമന്ത്രിയും മുൻ ധനമന്ത്രിയും മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.