ഡിസിസി ട്രഷററുടെ ആത്മഹത്യ; കത്തിൽ പരാമർശിച്ചവർക്കതിരേ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തും
Wednesday, January 8, 2025 9:48 PM IST
കൽപറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരണത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താൻ പോലീസിന്റെ നീക്കം. കത്തിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികൾക്കെതിരെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുക.
അതേസമയം വിജയന്റെ കുടുംബത്തെ കെപിസിസി സംഘം അനുനയിപ്പിച്ചു. ഇന്ന് വിജയന്റെ വീട്ടിലെത്തിയാണ് കെപിസിസി സംഘം കുടുംബവുമായി ചർച്ച നടത്തിയത്.
കെപിസിസി അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി കെ. ജയന്ത് എന്നിവരടങ്ങിയ കെപിസിസി സംഘമാണ് കുടുംബത്തെ സന്ദർശിച്ചത്.
കുടുംബത്തിന്റെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പ്രയാസങ്ങളെല്ലാം മാറിയെന്ന് എൻ.എം.വിജയന്റെ മകനും പ്രതികരിച്ചു. ബാധ്യത ഉൾപ്പെടെ ഏറ്റെടുക്കുമെന്ന് ഉറപ്പ് നൽകിയെന്നും കുടുംബം പറഞ്ഞു.